1971 Beyond Borders Review

1971 Beyond Borders Review (Malayalam) : കാണ്ഡഹാർ എന്ന മറക്കാൻ ആഗ്രഹിക്കുന്ന ചിത്രത്തിന് ശേഷം വീണ്ടും ലാലേട്ടനും മേജർ രവിയും. വീണ്ടും കേണൽ മഹാദേവന്റെ കഥ, ഇത്തവണ മഹാദേവന്റെ അച്ഛൻ മേജർ സഹദേവന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്.


ചിത്രത്തിലേക്ക് വന്നാൽ, കഥയെക്കുറിച് കൂടുത്തലായൊന്നും വിവരിക്കാനില്ല. 1971 ഇലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന മേജർ സഹദേവൻ, യുദ്ധഭൂമിയിൽ അദ്ദേഹം കണ്ടുമുട്ടുന്ന ലെഫ്റ്റനന്റ് ചിന്മയ്, പാകിസ്ഥാൻ മേജർ റാണ ഷെരീഫ്. ഇവരുമായൊക്കെ ബന്ധപ്പെടുത്തി ചിത്രം മുന്നോട്ട് പോകുന്നു. പ്രധാനപോരായ്മ തിരക്കഥ തന്നെയാണ്. ഒരു പുതുമ സൃഷ്ടിക്കാനോ നമ്മെ ചിത്രത്തോട് ചേർന്നു പിടിച്ചിരുത്താനോ ഉള്ളതൊന്നും തിരക്കഥയിൽ വന്നില്ല. ഇത്തരം ഇമോഷണൽ ചിത്രങ്ങൾക്ക് ആവശ്യം വേണ്ട ഫീൽ കൊണ്ടുവരാനും മേജർക്ക് കഴിഞ്ഞിട്ടില്ല.


സുജിത് വാസുദേവ് തന്റെ ഭാഗം ഭംഗിയായി ചെയ്തിട്ടുണ്ട്, പ്രത്യേകിച്ചും ടാങ്ക് സീനുകളിൽ. എന്നാൽ പോലും ഛായാഗ്രഹണം മറ്റൊരു ലെവലിലേക്ക് എത്തിക്കാൻ പോന്ന സീക്വന്സുകളോ അത്തരം രംഗങ്ങളോ ചിത്രത്തിൽ ഒരുക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടുട്ടുണ്ട്. ശെരിക്കും നടന്ന ഒരു സംഭവം ആയതുകൊണ്ട് റിയാലിറ്റിയോട് ചേർന്നു നിന്നുകൊണ്ട് ഒരുക്കിയതുകൊണ്ടാവാം അത്. നജിമിന്റെ ഗാനങ്ങൾ കൊള്ളാം. പശ്ചാത്തല സംഗീതം ഗോപിസുന്ദർ ഒരു പട്ടാളചിത്രത്തിന് ചേർന്നരീതിയിൽ ഒരുക്കിയിട്ടുണ്ട്.


പ്രകടങ്ങളിൽ പറയേണ്ടത് ലാലേട്ടന്റെ പ്രകടനം തന്നെയാണ്, തിരക്കഥയുടെ പഞ്ച് കുറവ് മൂലം ഡൗണായ പല രംഗങ്ങളും ലാലേട്ടന്റെ എനർജിയിൽ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും ദേവനുമായി സംസാരിക്കുന്ന ഇന്റർവെൽ സ്ലോട്ട്, എനിക്കീ ചിത്രത്തിൽ ഇഷ്ടപ്പെട്ട ഒരു രംഗവും അതുതന്നെ. മറ്റു താരങ്ങളുടെ പ്രകടനങ്ങൾ നോക്കിയാൽ അല്ലു സിരിഷ് ശരാശരി, അല്ലു അർജുൻ സിരിഷുമായി തട്ടിച്ചു നോക്കുമ്പോ മോഹൻലാലാണ്. അരുനോദയ് സിംഗ് തന്റെ റോൾ ഭംഗിയായി ചെയ്തിട്ടുണ്ട്. രഞ്ജി പണിക്കർ, സുധീർ കരമന, സൈജു കുറുപ്, ദേവൻ, ആശ ശരത്ത്, കൃഷ്ണകുമാർ, മണിക്കുട്ടൻ തുടങ്ങി ഒരുപിടി സഹതാരങ്ങളും ചിത്രത്തിലുണ്ട്.


തികച്ചും പ്രഡിക്റ്റബിൾ ആയ ഒരു കഥയാണെങ്കിൽ കൂടി, അതു പ്രേക്ഷകർക്ക് ആസ്വാദനീയമായ രീതിയിൽ പ്രസന്റ് ചെയ്യുന്നതാണ് ഒരു സംവിധായകന്റെ മിടുക്ക്, ആ മിടുക്ക് പക്ഷെ ഈ ഇവിടെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല മേജർക്ക്. ചിത്രത്തിൽ ബോർ എന്ന് പറയാവുന്ന രംഗങ്ങളൊന്നും ഇല്ലെങ്കിൽപോലും നമ്മളെ ത്രില്ലടിപ്പിക്കുന്നതോ ആവേശം കൊള്ളിക്കുന്നതോ ആയ രംഗങ്ങളും ഉണ്ടായില്ല, അതിനൊരു അപവാദം ഇന്റർവെൽ സ്ലോട്ട് മാത്രമാണ്.


മൊത്തത്തിൽ പറഞ്ഞാൽ.. തികച്ചും ശരാശരിയിൽ ഒതുങ്ങുന്ന ഒരു ചിത്രമാണ് 1971 ബയോൻഡ് ബോർഡേഴ്‌സ്. ഒരു വിഭാഗം മോഹൻലാൽ ആരാധകരെ ചിത്രം ചിലപ്പോൾ തൃപ്തിപ്പെടുത്തിയേക്കാം. ഒരു ലാലേട്ടൻ ആരാധകൻ ആണെങ്കിലും എനിക്ക് ചിത്രം തൃപ്തികരമല്ല, കാണ്ഡഹാർ പോലൊരു വെറുപ്പിക്കൽ അല്ലെങ്കിൽപ്പോലും.


1971 Beyond Borders Review Rating: 2/5


Review by Sreerag Menon

 

1971 Beyond Borders Review
1971 Beyond Borders Review


"