മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളൻ’ സിനിമയിലെ പുതിയ പോസ്റ്റർ പുറത്ത്. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയിലെ ബിജു മേനോന്‍റെ തീപ്പൊരി ലുക്കിലുള്ള പോസ്റ്ററാണ് അദ്ദേഹത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്നത്. പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. നിരന്ന പോലീസ് സേനയ്ക്കും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾക്കും നടുവിൽ തീപാറുന്ന നോട്ടവുമായി നിൽക്കുന്ന ബിജു മേനോനാണ് പോസ്റ്ററിലുള്ളത്.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ.




