വിജയ് – പ്രശാന്ത് നീൽ – ദിൽ രാജു; അണിയറയിൽ ഒരുങ്ങുന്നത് മെഗാ പാൻ സൗത്തിന്ത്യൻ റിലീസ്?

0
163

ഒറ്റ സിനിമകൊണ്ട് കന്നട ഫിലിം ഇൻഡസ്ട്രിയുടെ തലവര തന്നെ മാറ്റി കുറിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. കെജിഎഫ് എന്ന ചിത്രം ഇന്ത്യയിൽ ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമല്ല. ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യയൊട്ടാകെ ഉള്ള സിനിമ ആരാധകർ. ഇതിനിടയിൽ പ്രശാന്ത് നീൽ തൻ്റെ അടുത്ത ചിത്രത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രഭാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സലാർ എന്ന ചിത്രമാണ് പ്രശാന്ത് അടുത്തതായി ഒരുക്കുന്നത്. മോഹൻലാൽ അടക്കമുള്ള താരങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. തെന്നിന്ത്യയിൽ നിലവിൽ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളായി മാറിയിരിക്കുകയാണ് പ്രശാന്ത് നീൽ.

പ്രശാന്ത് അടുത്തതായി ഒരുക്കുന്ന ചിത്രം ദിൽ രാജു ആയിരിക്കും പ്രൊഡ്യൂസ് ചെയ്യുന്നത്. തെലുങ്കിലെ മുൻനിര നിർമാതാക്കളിൽ ഒരാൾ ആണ് ദിൽ രാജു. വിജയ് നായകനായ മാസ്റ്റർ ദിൽ രാജു ആയിരുന്നു ആന്ധ്രയിലും തെലുങ്കാനയിലും വിതരണത്തിന് എടുത്തത്. മാസ്റ്റർ സിനിമയുടെ വിജയത്തിന് വിതരണക്കാരുടെയും തീയറ്റർ ഉടമകളുടെയും ഭാഗത്തുനിന്നും നന്ദി അറിയിച്ചുകൊണ്ട് ദിൽ രാജു വിജയ്‌യെ കാണാൻ നേരിട്ട് എത്തിയിരുന്നു. ഇപ്പോൾ മറ്റൊരു വാർത്തയാണ് സിനിമ ഇൻഡസ്ട്രിയിൽ നിന്നും പുറത്തുവരുന്നത്. ദിൽ രാജു ചിത്രത്തിൽ വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചെക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

“ദിൽ രാജു അടുത്തതായി നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശാന്ത് നീൽ – വിജയ് കോംബോ ആദ്യമായി ഒന്നിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂവരും അടുത്തിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ദിൽ രാജുവും വിജയ്‌യും പ്രശാന്തിനോട് ഒരു സബ്ജക്ട് ഡെവലപ്പ് ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്തു. വരും മാസങ്ങളിൽ കൂടുതൽ കൂടിക്കാഴ്ചകൾ ആണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനു ശേഷം മാത്രം ആയിരിക്കും ഫൈനൽ അനൗൺസ്മെൻറ്” – പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുന്നത്. നെൽസൺ ദിലീപ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അതിനുശേഷം മെർസൽ എന്ന ചിത്രമൊരുക്കിയ തേനാണ്ടാൽ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ആയിരിക്കും താരം അഭിനയിക്കുന്നത്. ലോകേഷ് കനകരാജ്, ആറ്റ്ലി എന്നിവരുടെ പേരുകളാണ് നിലവിൽ ഈ ചിത്രത്തിലേക്ക് പറഞ്ഞുകേൾക്കുന്നത്. ഇതിനുശേഷമായിരിക്കും ദിൽ രാജു പ്രൊഡക്ഷൻസിൽ ഉള്ള ചിത്രം ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here